11:46am 12 May 2026
NEWS
ടിസിഎസിൽ പ്രായംകുറഞ്ഞ പെൺകുട്ടികളും പീഡനത്തിനിരയായെന്ന് റിപ്പോർട്ട്
12/05/2026  09:37 AM IST
nila
ടിസിഎസിൽ പ്രായംകുറഞ്ഞ പെൺകുട്ടികളും പീഡനത്തിനിരയായെന്ന് റിപ്പോർട്ട്

മുംബൈ: ടാറ്റ കൺസൾട്ടൻസി സർവീസിന്റെ നാസിക് ഓഫീസിൽ നടന്ന പീഡന-മതപരിവർത്തന കേസുമായി ബന്ധപ്പെട്ട് ദേശീയ വനിതാ കമ്മിഷന്റെ അന്വേഷണ റിപ്പോർട്ട് പുറത്ത്. അറസ്റ്റിലായ എട്ട് പേർക്കായിരുന്നു സ്ഥാപനത്തിന്റെ പ്രവർത്തനങ്ങളിൽ പൂർണ നിയന്ത്രണമുണ്ടായിരുന്നതെന്ന് ദേശീയ വനിതാ കമ്മിഷന്റെ അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. ഭീഷണിപ്പെടുത്തിയാൽ എളുപ്പത്തിൽ വഴങ്ങുന്ന പ്രായം കുറഞ്ഞ വനിതാ ജീവനക്കാരെ ലക്ഷ്യമിട്ട് ലൈംഗികവും മാനസികവുമായ പീഡനങ്ങൾ നടന്നതായും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ഗുരുതര കണ്ടെത്തലുകൾ ഉൾപ്പെടുത്തിയ റിപ്പോർട്ട് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന് സമർപ്പിച്ചു. 

ദേശീയ വനിതാ കമ്മിഷൻ അധ്യക്ഷ വിജയ രാഹത്കറുടെ നിർദേശപ്രകാരം, ബോംബെ ഹൈക്കോടതിയിൽ നിന്ന് വിരമിച്ച ജഡ്ജി സാധന ജാദവ് ഉൾപ്പെട്ട ഉന്നത സമിതിയാണു നേരിട്ടു തെളിവെടുപ്പ് നടത്തിയത്. 50 പേജിലധികം വരുന്ന റിപ്പോർട്ടാണു തയാറാക്കിയത്. തൊഴിലിടങ്ങളിലെ ലൈംഗികാതിക്രമങ്ങൾ തടയുന്നതിനുള്ള പോഷ് നിയമം സ്ഥാപനം കൃത്യമായി നടപ്പാക്കിയില്ലെന്നും, ആഭ്യന്തര പരാതി പരിഹാര സമിതി കാര്യക്ഷമമായി പ്രവർത്തിച്ചിരുന്നില്ലെന്നും കമ്മിഷൻ കണ്ടെത്തി. 

ഓഫീസിൽ വനിതാ ജീവനക്കാർ മതപരമായ അധിക്ഷേപങ്ങൾ നേരിട്ടതായും, ജോലി നഷ്ടപ്പെടുമോ എന്ന ഭയം, നാണക്കേട്, ഫലപ്രദമായ പരാതി സംവിധാനങ്ങളുടെ അഭാവം എന്നിവ കാരണം പലർക്കും പരാതിപ്പെടാൻ കഴിഞ്ഞില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ഓഫിസിലെ സിസിടിവി ക്യാമറകൾ പ്രവർത്തനരഹിതമായിരുന്നതും ഭരണസംവിധാനം പൂർണമായും തകരാറിലായിരുന്നുവെന്നും അന്വേഷണസംഘം വിലയിരുത്തി.

ഇതിനിടെ, കേസിൽ അറസ്റ്റിലായ ടെലികോളർ ജീവനക്കാരി നിദ ഖാനെ ഈ മാസം 24 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ഗർഭിണിയായ നിദയെ പൊലീസ് കസ്റ്റഡി കാലാവധി കഴിഞ്ഞതിനെ തുടർന്ന് നാസിക് റോഡ് സെൻട്രൽ ജയിലിലേക്ക് മാറ്റി. ജീവനക്കാരെ ഇഷ്ടമില്ലാത്ത ഭക്ഷണം കഴിക്കാനും മതാചാരങ്ങൾ പിന്തുടരാനും നിർബന്ധിച്ചെന്ന പരാതിയിലാണ് ഒളിവിലായിരുന്ന നിദയെ കഴിഞ്ഞ വ്യാഴാഴ്ച പൊലീസ് അറസ്റ്റ് ചെയ്തത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img